Skip to main content
ന്യൂഡല്‍ഹി

bar

 

സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സെപ്തംബര്‍ 30 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാറിനോട് സുപ്രീം കോടതി. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

ഈ മാസം 18-ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് സെപ്തംബര്‍ 30 വരെ നയം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലൈസന്‍സ് കാലാവധിയായ 2015 മാര്‍ച്ച് 31 വരെയെങ്കിലും ബാറുകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. മദ്യനയം പ്രഖ്യാപിക്കുന്നതിന് വിധേയമായിട്ടാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ആദ്യമേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന സര്‍ക്കാറിന്റെ വാദം കോടതി സ്വീകരിച്ചു.  

 

മദ്യനിരോധനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെ ഒഴിവാക്കിയതിന്റെ അടിസ്ഥാനമെന്തെന്ന് ജസ്റ്റിസുമാരായ ആര്‍. ദവെ, യു.യു ലളിത് എന്നിവരടങ്ങുന്ന ബഞ്ച് ഇന്നും സര്‍ക്കാറിനോട്‌ ആരാഞ്ഞു. മദ്യനിരോധനം തന്നെയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍പ്, ചതുര്‍, പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി തന്നെ ശരിവെച്ചിട്ടുള്ളതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.  

 

സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ബാറുകളും വെള്ളിയാഴ്ചക്കകം പൂട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ബാറുടമകളോട് നിര്‍ദ്ദേശിച്ചിരുന്നത്.