സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ മദ്യനയം പുറത്ത് വരാത്ത സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഔദ്യോഗികമായി മദ്യനയം പ്രഖ്യാപിച്ച ശേഷം ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശേഷിക്കുന്ന 312 ബാറുകൾ പൂട്ടുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാന്‍ കോടതി അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവേചനപരമാണെന്നും ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിക്കുമെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, രാജ്യത്തിന് അതിന്റേതായ ഒരു സംസ്കാരമുണ്ടെന്നും അനുസരിച്ചേ വിദേശികളെ സത്കരിക്കാനാകൂ എന്ന്‍ ഹൈക്കോടതി നിരീക്ഷിച്ചു.