Skip to main content

mother and child

 

ജനിച്ചുവീഴുന്ന ഓരോ ശിശുവിനും മികച്ച വ്യക്തിയായി വളരാൻ അര്‍ഹതതയുണ്ട്. ആ ചുമതലയുടെ മുക്കാൽ പങ്കുമാകട്ടെ കുടുംബത്തിനും. വിദ്യാലയത്തിനും സമൂഹത്തിനും ബാക്കി കാൽ ശതമാനമേയുള്ളൂ. പേറന്റിങ്ങിൽ പുതുമയുള്ള കാര്യങ്ങൾ ഒന്നുമില്ല. പഴയവയുടെ ഓർമ്മപ്പെടുത്തലുകളെയുള്ളു. സ്നേഹം കൊണ്ട് സ്വയം സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ സമ്പന്നതയിലൂടെയാണ് മികച്ച മാതൃത്വം ഉണ്ടാകുന്നത്.

 

പറഞ്ഞു കേട്ട കഥയാണ്. ഒരിക്കൽ ചിത്രകാരനായ ഡാവിഞ്ചി യേശുവിന്റെ രൂപസാദൃശ്യമുള്ള മുഖം തേടിയലഞ്ഞു. ഒടുവിൽ ഒരു കുട്ടിയിലത് കണ്ടെത്തി. ചിത്രം വരച്ചു. വർഷങ്ങളേറെ കഴിഞ്ഞു. യൂദാസിന്റെ രൂപസാദൃശ്യമുള്ള മുഖം തേടി അദ്ദേഹം തുടങ്ങിയ യാത്ര ജയിലുകളിലാണ് അവസാനിച്ചത്‌. യൂദാസിന്റെ ഒത്ത മുഖമുള്ളയാളെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ചിത്രം വരച്ചു കഴിഞ്ഞ ശേഷം യൂദാസ് ചിത്രകാരനോട് ചോദിച്ചു, എന്നെ പരിചയമുണ്ടോ? പണ്ട് അങ്ങ് യേശുവിനു വേണ്ടി എന്റെ ചിത്രം വരച്ചിട്ടുണ്ട്. ഇതുകേട്ട ഡാവിഞ്ചി ഞെട്ടി. യേശുവിൽ നിന്നും യൂദാസിലേക്ക് വളര്‍ന്നു ജയിലിലായ അയാളുടെ ചിത്രത്തിന് നമുക്ക് നല്‍കാന്‍ ഒരേയൊരു അടിക്കുറിപ്പേയുള്ളൂ,'വളര്‍ത്തുദോഷം'.

 

കേവലം 19 വയസ്സു മാത്രം പ്രായമുള്ളപ്പോൾ വിവാഹ ജീവിതത്തിലേയ്ക് ഓര്‍ക്കാപ്പുറത്തു കാലെടുത്തു വച്ച ഒരു പെണ്‍കുട്ടി. ജീവിതത്തിൽ പോസിറ്റീവായി മാത്രം സ്വപ്നം കാണാൻ ജീവിച്ച കുടുംബ പശ്ചാത്തലം അവളെ പരിശീലിപ്പിച്ചിരുന്നു. സ്വാഭാവികമായും വിവാഹ ശേഷം കണ്ട സ്വപ്നങ്ങളിലെല്ലാം ഒരു കുഞ്ഞിന്റെ ഓമന മുഖം തെളിഞ്ഞു. ഇരുപതാമത്തെ വയസ്സിൽ അമ്മയായിക്കഴിഞ്ഞപ്പോൾ കൗതുകപൂർവം അവൾ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാതെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു. 'നിനക്കു മാത്രമേ ലോകത്തു കുഞ്ഞുള്ളൊ' എന്ന് ഭർത്താവു പോലും അവളെ പരിഹസിച്ചു. അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയ്ക്കു തോന്നിയത്, കുഞ്ഞിന്റെ കണ്ണിനു എന്തോ കുഴപ്പമുണ്ട്. പിന്നീട് മാറിമാറി വിദഗ്ദ്ധരെ കാണിച്ചു. അവരാരും അമ്മയുടെ സംശയത്തെ പിന്താങ്ങിയില്ലെന്നു മാത്രമല്ല, കുഞ്ഞിനെ പറ്റിയുള്ള അമിത ആകാംക്ഷ കൊണ്ടാണിങ്ങനെയെന്നു പറഞ്ഞ് ഒഴിയുകയും ചെയ്തു. അമ്മ പിൻവാങ്ങിയില്ല . ഒടുവില്‍ ഒരു വലിയ നേത്രരോഗ വിദഗ്ദ്ധയെ കാണിച്ചു. അവർ അമ്മയുടെ സംശയം ശരിവച്ചു. കുഞ്ഞിനെ ഇപ്പോഴെങ്കിലും കൊണ്ടുവന്നത് നന്നായി എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോൾ രണ്ടു വയസ്സായിരുന്ന കുഞ്ഞിനു ഒരു ശസ്ത്രക്രിയ നടത്തി. പിന്നെ മൂന്നു വയസ്സായപ്പോൾ ഒരെണ്ണം കൂടി വേണ്ടി വന്നു, അവളുടെ കാഴ്ച ശരിയാകാൻ. അമ്മ സ്വന്തം ശ്രദ്ധ കൊണ്ട് തിരിച്ചുപിടിച്ചത് കുഞ്ഞിന്റെ കാഴ്ചയെ മാത്രമല്ല, അവളുടെ ഭാവിയെ, ലോകത്തെ കൂടിയാണ്. എത്ര വലിയ ആപത്തിൽ നിന്നാണ് കുഞ്ഞിനെ അമ്മ രക്ഷപ്പെടുത്തിയതെന്ന് ചിന്തിച്ചു നോക്കുക.

 

ഓണപ്പരീക്ഷയ്ക്ക് അഞ്ചാം ക്ലാസുകാരനായ കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും 90-നു മുകളില്‍ മാര്‍ക്കുണ്ട്. എന്നാൽ ഒരെണ്ണത്തിന് മാത്രം 85. ഉത്തരക്കടലാസ് വീട്ടില് കൊണ്ടുപോയി ഒപ്പിട്ടു വാങ്ങണം. ഈ 85-ഉം കൊണ്ട് വീട്ടില് ചെന്നാൽ അമ്മ 'കാളി'യാകും. കുട്ടിയിലെ ഡിസാസ്റ്റര്‍ മാനേജർ ഉണര്‍ന്നു. അവനു 85 കിട്ടിയ വിഷയത്തിൽ 95 കിട്ടിയ മറ്റൊരുവന്റെ ഉത്തര കടലാസ് അവൻ സമർഥമായി വീട്ടിലെത്തിച്ചു. അമ്മ ചോദിച്ചപ്പോൾ പറഞ്ഞു, ടീച്ചർ തന്നപ്പോൾ മാറിപ്പോയതാണ്, മാര്‍ക്ക്‌ സെയിം സെയിം ആണ്. പിന്നീട് ആ ഉത്തരക്കടലാസ് സ്കൂളിലേയ്ക് പോകുന്ന ഓട്ടോയിൽ ഉപേക്ഷിക്കുകയും ചെയ്തു. 'ഒട്ടോമാമൻ' തന്റെ ഉത്തരവാദിത്ത ബോധം കൊണ്ട് അത് വേഗം സ്കൂളിലെത്തിച്ചു. ഉത്തരക്കടലാസിന്റെ ഉടമ ആ ഓട്ടോയിൽ സ്കൂളിലെത്തുന്ന ആളായിരുന്നില്ല. അങ്ങനെയാണ് ഇക്കാര്യം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതും അന്വേഷണം നടത്തിയതും. ഇവിടെ പ്രശ്നങ്ങളുടെ മൂലകാരണം അമ്മയായിരുന്നു. അമ്മ കുട്ടിയെ സദാ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയും ശകാരിക്കുകയും പതിവാണ്. "അഭിഷേകിന് മുഴുവൻ മാർക്കും കിട്ടി, ശാലിനിയുടെ മോൾക്ക് എല്ലാത്തിനും എ പ്ലസ്സാണ്, നിനക്ക് മാത്രമെന്താ ഇങ്ങനെ...?" ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടി കണ്ടെത്തിയ വഴിയാണ് ഈ ചെറിയ കള്ളത്തരം.

 

സ്കൂൾ അധികൃതരുടെ മുന്നില് നിന്ന് പൊട്ടിക്കരഞ്ഞ അവനെ അവരാരും ശാസിച്ചില്ല, ശിക്ഷിച്ചില്ല. പകരം ചിരിച്ചു, അവന്റെ സങ്കടം മാറ്റി അവന് ആത്മവിശ്വാസം പകരാൻ ശ്രമിച്ചു. അവന്റെയുള്ളിൽ കിടക്കുന്ന കള്ളത്തരത്തിന്റെ വിത്ത് നശിപ്പിച്ചു കളയാനായി, അതിനായി മാത്രം അവരതു മാതാപിതാക്കളേയും കൂടി അറിയിച്ചു. എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിര്‍ദ്ദേശവും നല്‍കി. സ്ത്രീയായാലും പുരുഷനായാലും മറ്റൊരാളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ ഏറ്റവും കൂടുതൽ അപമാനം തോന്നും. ഓരോരുത്തരും സ്വതന്ത്ര വ്യക്തിത്വമുള്ളവരാണ്. ഓരോരുത്തര്‍ക്കും കഴിവുകളും കഴിവുകേടുകളും ഉണ്ടാകാം. അത് അതേപടി മറ്റാരേക്കാളും ഉപരി അമ്മമാർ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

 

വിദ്യാഭ്യാസ നിലവാരം പോലും അവകാശപ്പെടാനില്ലാത്ത ശരാശരി കുടുംബത്തിൽ നിന്നും ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയ നരേന്ദ്ര മോദിയും ഡൽഹി പെണ്‍കുട്ടിയോട് മനുഷ്യജീവിയെന്ന പരിഗണന പോലും കാട്ടാത്ത കാട്ടാളത്തം നിറഞ്ഞ ചെറുപ്പക്കാരും. എല്ലാം ഓരോ അമ്മമാർ പ്രസവിച്ചു വളർത്തിയവർ തന്നെയാണ്. ജീവന്റെ തുടിപ്പായി ശരീരത്തില്‍ പറ്റിച്ചേര്‍ന്ന നിമിഷം മുതൽ അമ്മ കുഞ്ഞിനെ അറിഞ്ഞു തുടങ്ങുന്നുണ്ട്. പിന്നീട് നല്‍കുന്ന കരുതലും സ്നേഹവും അവന്റെ/അവളുടെ ദിശാബോധത്തെ നിശ്ചയിക്കുന്നതിൽ നിര്‍ണ്ണായക പങ്കു വഹിക്കുന്നുമുണ്ട്‌.

 

കുട്ടികൾ ഏതു സാഹചര്യവുമായും വളരെ വേഗം ഇഴുകിച്ചേരുന്നവരാണ്. എത്ര ഇഷ്ടമില്ലാത്തയിടത്ത് കൊണ്ടുപോയിട്ടാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് അവർ അതുമായി പൊരുത്തപ്പെട്ടിരിക്കും. പരിത:സ്ഥിതികളോട് ഇണങ്ങാനുള്ള അവരുടെ ഈ കഴിവിനെ നാം പല രീതിയിൽ ദുരുപയോഗം ചെയ്യുകയാണ്. കിന്റർഗാർട്ടൻ കുട്ടികളെ ഉച്ചകഴിഞ്ഞ് നിർബന്ധപൂർവ്വം പിടിച്ചുകിടത്തി ഉറക്കുന്ന പതിവ് പലയിടത്തും ഉണ്ട്. കുട്ടികൾക്ക് ഉറക്കം വരുന്നുണ്ടാവുകയേയില്ല. യൂണിഫോമും ബെൽട്ടും ഷൂസും അടങ്ങുന്ന അസൗകര്യങ്ങൾ വേറെയും. പക്ഷേ കുട്ടികൾക്ക് പ്രതികരിക്കാനറിയില്ലല്ലോ? ഉറക്കം വരാത്തപ്പോൾ നമ്മളെ ആരെങ്കിലും നിർബന്ധപൂർവ്വം ഉറക്കാൻ ശ്രമിച്ചാൽ ഏതു രീതിയിൽ അയാളെ കൊല്ലണമെന്നാവും നമ്മൾ ചിന്തിക്കുക.

 

സിഗരറ്റു വലിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മകനെ അമ്മ അതിൽ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെപ്പറ്റിയും അത് ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റിയും പറഞ്ഞു മനസ്സിലാക്കി. ഒരെണ്ണം വാങ്ങിക്കൊണ്ടു വന്ന്‍ അമ്മയുടെ മുന്നിൽ വച്ച് വലിച്ചുനോക്കാനും നല്കി. അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധം മനസ്സില് നിറഞ്ഞത്‌ കൊണ്ടാവണം സിഗരറ്റിന്റെ ഗന്ധത്തോടും രുചിയോടും അവന് അനിഷ്ടം തോന്നി. അമ്മയുടെ ഉപദേശത്തിനും നിർദേശത്തിനും അവൻ അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്. അവന് ഒരാപത്തും വരാതെ നോക്കാൻ അമ്മയ്ക്ക് ബാധ്യതയുണ്ടെന്നും അതിന്റെ കരുതലിലാണ് അമ്മ ഇതെല്ലാം പറയുന്നതെന്നും അവനറിയാം. ആ തോന്നൽ അവനിൽ നിറച്ചത് അമ്മയാണ്. സ്നേഹം നല്‍കി, അമ്മമാർക്കു മാത്രം സ്വന്തം മക്കളുടെ മേൽ നേടിയെടുക്കാവുന്ന നിയന്ത്രണമാണത്.

 

മദ്യപാനം, പുകവലി, ലഹരി മരുന്ന് തുടങ്ങിയവയിലേക്കൊന്നും തിരിഞ്ഞു പോകാതെ മക്കളെ ഈ നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരാൻ അമ്മമാർ ബോധപൂർവ്വം ശ്രമിക്കണം. അപക്വമായ എടുത്തുതുചാട്ടങ്ങൾ മൂലം പ്രണയവും ലൈംഗികതയും പോലും അനുഭവിക്കേണ്ടുന്ന പ്രായത്തിൽ അവ അതിവിരസങ്ങളായി മാറിയേക്കാം. എന്നാല്‍, ദിവസവും വെറും 15 മിനിട്ടു നേരമെങ്കിലും സ്വന്തം കുട്ടികളുടെ കൂടെ കളിക്കാനോ സമയം ചെലവിടാനോ തയ്യാറാകാത്തവരെ എങ്ങനെ മാതാപിതാക്കളെന്നു വിളിക്കും?

Tags