മണിപ്പൂരിലെ പൗരാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയെ ഉടന്‍ വീട്ടുതടങ്കലില്‍ നിന്ന്‍ മോചിപ്പിക്കാന്‍ മണിപ്പൂരിലെ ഒരു സെഷന്‍സ് കോടതി ഉത്തരവിട്ടു. സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ 13 വര്‍ഷമായി നിരാഹാര സമരം നടത്തുകയാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന 42-കാരിയായ ഇറോം ഷര്‍മിള.
നിരാഹാരം ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇറോം ഷര്‍മിളയെ അറസ്റ്റ് ചെയ്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. ജയിലായി പ്രഖ്യാപിച്ച ഈ ആശുപത്രിയില്‍ അവര്‍ക്ക് മൂക്കിലൂടെ സര്‍ക്കാര്‍ ഭക്ഷണം നല്‍കി വരികയാണ്. ആത്മഹത്യ ശ്രമത്തിന് അവരുടെ മേല്‍ ഒരു കേസും മണിപ്പൂര്‍ സര്‍ക്കാര്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍, ഈ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഇറോം ഷര്‍മിള ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ഒരു ആരോപണം മാത്രമാണെന്നും ഇതിന്റെ പേരില്‍ അവരെ തടങ്കലില്‍ വെക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2000 നവംബറില്‍ ഇംഫാലില്‍ ആസാം റൈഫിള്‍സ് സൈനികര്‍ പത്ത് സാധാരണക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇറോം ഷര്‍മിള നിരാഹാരം തുടങ്ങിയത്. തീവ്രവാദം പോലുള്ള കാരണങ്ങളാല്‍ പ്രശ്നബാധിതമായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്നടക്കം സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണിത്.