കെ.എസ്.ആര്.ടി.സിയെ കമ്പനിയാക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. കെ.എസ്.ആര്.ടി.സി നഷ്ടത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കമ്പനിവത്കരണത്തെ കുറിച്ച് ആലോചിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് മറുപടി നല്‍കാമെന്ന് അഡ്വക്കെറ്റ് ജനറല്‍ അറിയിച്ചു.
സര്‍ക്കാറിന് എത്ര തവണ കെ.എസ്.ആര്.ടി.സിയുടെ രക്ഷക്കെത്താന്‍ പറ്റുമെന്ന് കോടതി ചോദിച്ചു. കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടണമെന്നല്ല, ലാഭത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പെന്ഷന് ബാധ്യതകള്‍ കാരണമാണ് കെ.എസ്.ആര്.ടി.സിയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുന്നതെന്ന് അഡ്വക്കെറ്റ് ജനറല്‍ പറഞ്ഞു. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു സംഘം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.