പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം. കോര്പ്പറേഷന് സഹായം നല്‍കുന്നതിലൂടെ നികുതിദായകരുടെ പണം പാഴാവുകയാണെന്നും കോടതി തിങ്കളാഴ്ച പറഞ്ഞു.
പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു സംഘം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശങ്ങള്‍. വസ്തുക്കള്‍ വിറ്റിട്ടായാലും ജീവനക്കാരുടെ കുടിശ്ശിക നല്‍കണമെന്നും കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടിയാലും ഒരു മന്ത്രിയുടെ സ്ഥാനം പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും കോടതി പറഞ്ഞു.
മാസം 60 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് കെ.എസ്.ആര്.ടി.സിയ്ക്ക് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സമയത്ത് നല്കാന് കഴിയാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കേസില്‍ അടുത്ത തവണ അഡ്വക്കെറ്റ് ജനറലിനോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.