Skip to main content
തിരുവനന്തപുരം

kseb logo

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തികരിച്ച് സംസ്ഥാന സര്‍ക്കാറും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറാണ് ഒപ്പ് വെച്ചത്.  നിലവിലെ എല്ലാ വേതനവ്യവസ്ഥകളും അതേപടി തുടരുമെന്നും പെന്‍ഷന്‍ ഫണ്ടിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാമെന്നുമാണ് കരാറിലെ പ്രധാന തീരുമാനങ്ങള്‍.

 

സി.പി.ഐ അനുകൂല ട്രേഡ് യൂണിയന്‍ എ.ഐ.ടി.യു.സി കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. എന്നാല്‍, കോണ്‍ഗ്രസ് അനുകൂല ഐ.എന്‍.ടി.യു.സിയും സി.പി.ഐ.എം അനുകൂല സി.ഐ.ടി.യുവും കരാറിനെ അനുകൂലിച്ചു. ഭൂരിപക്ഷം സംഘടനകളും ഒപ്പിട്ടതോടെ കമ്പനിവത്കരണത്തിന് ബുദ്ധിമുട്ടില്ല.

 

ഉത്പാദനം, വിതരണം, പ്രസരണം എന്നിവ മൂന്നു മേഖലകളായി വേര്‍തിരിച്ചാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുക. നിയമനങ്ങള്‍ പി.എസ്.സി വഴി തന്നെയായിരിക്കും.
 

2003-ലെ കേന്ദ്ര വൈദ്യുത നിയമമാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ കമ്പനിയാക്കാന്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, ഇടതുപാര്‍ട്ടികളും ജീവനക്കാരുടെ സംഘടനകളും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. 2008 ഒക്ടോബറിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളം ആരംഭിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ബോര്‍ഡിന്റെ ആസ്തി-ബാധ്യതകള്‍ കമ്പനിയില്‍ പുനര്‍നിക്ഷേപിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് 2013 നവംബറില്‍ ആണ്. എന്നാല്‍, ജീവനക്കാരുടെ എതിര്‍പ്പ് മൂലം ത്രികക്ഷി കരാര്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ കമ്പനിവത്കരണം നീട്ടുകയായിരുന്നു.