സംസ്ഥാനത്ത് മദ്യനയം രൂപവത്കരിക്കാന്‍ ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നികുതി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളത്. വിഷയം ചര്‍ച്ച ചെയ്ത് വരികയാണെന്നും മദ്യശാലകള്‍ക്ക് ആശുപത്രികളില്‍ നിന്നും നിശ്ചിത അകലം വേണമെന്ന നിര്‍ദ്ദേശവും പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾക്ക് സമയം ലഭിക്കുന്നില്ലെന്ന് സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സാവകാശം അനുവദിക്കണമെന്നാണ് ആവശ്യം. ലൈസൻസ് പുതുക്കി മദ്യനയം രൂപീകരിക്കുന്ന കാര്യത്തിൽ ജൂണ്‍ 30-നകം അന്തിമ തീരുമാനം അറിയിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും സാവകാശം തേടിയത്. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.