പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അനിശ്ചിതത്വം ഇനിയും അവസാനിക്കാത്ത അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണങ്ങളില്‍ 21 സൈനികരും 40 സിവിലിയന്മാരും ഉള്‍പ്പെടെ 160 ലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടു. ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്ന്‍ യു.എസ് സേന പിന്മാറിയതോടെ അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനുകളും താലിബാന്‍ പിടിച്ചടക്കി. താലിബാന്‍ ശക്തികേന്ദ്രമായ സാന്‍ഗിന്‍ ജില്ലയില്‍ പ്രധാന സര്‍ക്കാര്‍ ആസ്ഥാനമൊഴികെ എല്ലാം താലിബാന്‍ നിയന്ത്രണത്തിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പ്രധാന കഞ്ചാവ് ഉല്‍പാദന മേഖലകളിലൊന്നായ ഹെല്‍മന്ദ് 2001 മുതല്‍ നാറ്റോ സേനയുടെ നിയന്ത്രണത്തിലായിരുന്നു. സംഘര്‍ഷഭരിതമായ പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ മേയിലാണ് അവസാന യു.എസ് സൈനികനും പിന്മാറിയത്. സൈനികര്‍ക്കായി തീര്‍ത്ത 200 ഓളം താവളങ്ങളും പൊളിച്ചുനീക്കി. ഇതോടെയാണ് അവസരം ഉപയോഗപ്പെടുത്തി താലിബാന്‍ ആക്രമണം നടത്തിയത്. ഹൈവേകളും റോഡുകളും ഉപരോധത്തിലായതോടെ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും നാട്ടുകാരെ വലക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്ന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ കൂട്ട പലായനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

