പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ ഹിന്ദിക്ക് പ്രാമുഖ്യം നല്‍കുന്നെന്ന ആരോപണവുമായി ഡി.എം.കെ നേതാവ് കരുണാനിധി രംഗത്ത്. പ്രധാനമന്ത്രി ഹിന്ദി ഭാഷയുടെ പ്രചാരണത്തിലല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് കരുണാനിധി പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും ഹിന്ദി ഭാഷ തന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി ഭാഷ സംസാരിക്കാത്തവരെ രണ്ടാംതരക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ഒരിക്കല്‍ ചരിത്രം സാക്ഷിയായിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു. രാജ്യ വ്യാപകമായി ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ 1965-ല്‍ തമിഴ് നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. ഹിന്ദി സംസാരിക്കാത്ത മേഖലകളില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് അന്ന് പ്രക്ഷോഭങ്ങള്‍ അവസാനിച്ചത്.