Skip to main content

 

പ്രമുഖ വ്യവസായിയും മുന്‍ കാമുകനുമായ നെസ് വാഡിയ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബോളിവുഡ് നടി പ്രീതി സിന്‍റ പരാതി നല്‍കി. മെയ് 30-ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പഞ്ചാബും ചെന്നൈയും തമ്മില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിനിടയില്‍ നെസ് വാഡിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനിലാണ് പ്രീതി സിന്‍റ പരാതി നല്‍കിയത്.

 

വാഡിയ തന്റെ കൈക്ക് കയറി പിടിച്ചത് തന്നെ ലൈംഗികമായി അപമാനിക്കാനായിരുന്നു എന്നാണ് പ്രീതി പറയുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും വിഷമകരവുമായ ഘട്ടമാണിതെന്നും മാധ്യമങ്ങള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രീതി സിന്‍ഡ പറഞ്ഞു. പ്രീതി സിന്‍റയുടെ നടപടി തന്നെ ഞെട്ടിച്ചുവെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും നെസ് വാഡിയ പ്രതികരിച്ചു. ഐ.പി.എല്ലിലെ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമകളാണ് പ്രീതി സിന്‍റയും നെസ് വാഡിയയും.

 

അതെസമയം ഐ.പി.എല്‍ മത്സര ഗ്യാലറിയില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വാഡിയക്കെതിരെ നടപടിയെടുക്കാമെന്നാണ് പോലീസിന്റെ നിലപാട്. അഞ്ചുവര്‍ഷത്തിലേറെ പ്രണയത്തിലായിരുന്ന പ്രീതിയും വാഡിയയും തമ്മില്‍ 2011-ലാണ് പിരിഞ്ഞത്. ബന്ധം ഉപേക്ഷിക്കുന്നതായി പ്രീതി തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.