Skip to main content
സാവോ പോളോ

fifa world cup brazil

 

2014 ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം. ആതിഥേയരായ ബ്രസീല്‍ (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന്) ക്രോയേഷ്യയെ നേരിടുന്നതോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് തുടക്കമാകും. യോഗ്യതാ മത്സരങ്ങള്‍ കടന്നെത്തിയ 32 രാഷ്ട്രങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ജൂലൈ 13 ഞായറാഴ്ചയാണ് ഫൈനല്‍.

 

പ്രകൃതിയ്ക്കും ജനങ്ങള്‍ക്കും ഫുട്ബാളിനും ഉള്ള സമര്‍പ്പണമായിരിക്കും സാവോ പോളോയിലെ കൊറിന്തിയന്‍സ് മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളെന്ന് സംവിധായകന്‍ ദഫ്നെ കോര്‍നെസ് പറയുന്നു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി ഫിഫ തെരഞ്ഞെടുത്ത വി ആര്‍ വണ്‍  (ഒലെ ഒലെ) എന്ന ഗാനം ഗായകരായ ജെന്നിഫെര്‍ ലോപ്പസ്, പിറ്റ്ബുള്‍, ബ്രസീലിയന്‍ താരം ക്ലോഡിയ ലെയ്ട്ടെ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ അവതരിപ്പിക്കും.

 

വായിക്കുക: ബ്രസൂക്കയുടെ ലോകം

 

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ലോകകപ്പിന് ബ്രസീല്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന വന്‍ തുകകള്‍ക്കെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയും കൊറിന്തിയന്‍സ് മൈതാനത്തേക്ക് പ്രതിഷേധ പ്രകടനം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത പ്രകടനങ്ങളില്‍ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രസിഡനട്ട് ദില്‍മ റൂസഫിന്റെ സര്‍ക്കാര്‍ മത്സരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

ആറാമത്തെ ലോകകപ്പ് കിരീടത്തിനായി ഇറങ്ങുന്ന ബ്രസീല്‍ ടീം തയ്യാറായിക്കഴിഞ്ഞതായി കോച്ച് ലൂയിസ് ഫിലിപ്പ് സ്കൊളാരി ബുധനാഴ്ച പറഞ്ഞു. ഇത് തങ്ങളുടെ ലോകകപ്പാണെന്നും സ്കൊളാരി കൂട്ടിച്ചേര്‍ത്തു. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന സ്പെയിന്‍ തുടര്‍ച്ചയായ നാലാമത്തെ പ്രധാന ടൂര്‍ണമെന്റ് വിജയമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും ടീം വിജയിച്ചിരുന്നു.

 

65,000 കാണികളെയാണ് കൊറിന്തിയന്‍സ് മൈതാനത്ത് പ്രതീക്ഷിക്കുന്നത്. ടെലിവിഷനിലൂടെ 100 കോടി പേര്‍ ഉദ്ഘാടന ചടങ്ങുകളും മത്സരവും വീക്ഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Tags