Skip to main content
തൃശൂര്‍

 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ വിപരീത വ്യക്തിത്വങ്ങളുടെ ഗണത്തില്‍പ്പെടുത്തി ചിത്രീകരിച്ച കോളേജ് മാഗസിന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. കോളേജ് പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടായത്. തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ “ലിറ്റ്സ് കോലിഗ” എന്ന മാഗസിനാണ് വിവാദമുണ്ടാക്കിയത്.

 

മാഗസിനില്‍ ബിന്‍ ലാദന്‍, അജ്മല്‍ അമീര്‍ കസബ്, വീരപ്പന്‍, ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം മോദിയെയും ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ നെഗറ്റീവ് ഫെയ്‌സസിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമുള്ള നിലപാടാണ് മാഗസിന്‍ കമ്മിറ്റിക്ക്. 2013-ലെ മാഗസിനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അന്ന് മോദി പ്രധാനമന്ത്രി ആയിരുന്നില്ലെന്ന ന്യായീകരണവും മാഗസിന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്നു.

 

സ്കൂള്‍ പ്രിന്‍സിപ്പാള്‍ , മാഗസിന്‍ എഡിറ്റര്‍, മറ്റ് രണ്ടു സബ് എഡിറ്റര്‍മാര്‍, മാഗസിന്‍ അടിച്ച പ്രസ് ഉടമ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കും വിധത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നു കാണിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 -ാം വകുപ്പ് പ്രകാരമാണ് കേസ്.