ഉക്രൈനിലെ നിയുക്ത പ്രസിഡന്റ് പെട്രോ പൊരോഷെങ്കോയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ നേടിയ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ വെള്ളിയാഴ്ച ഫ്രാന്‍സില്‍ വച്ച് നടന്ന ചടങ്ങിലാണ് ഇരു നേതാക്കളും തമ്മില്‍ 15 മിനിറ്റ് നീളുന്ന കൂടികാഴ്ച നടത്തിയത്. കിഴക്കന്‍ ഉക്രൈനില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അതിന് ഉക്രൈനുമായി സഹകരിക്കുമെന്നും പുടിന് അറിയിച്ചു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായും പുടിന് കൂടിക്കാഴ്ച നടത്തി.
ഇതോടെ കിഴക്കന്‍ ഉക്രൈയ്നില്‍ നടക്കുന്ന അക്രമത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. വിഘടനവാദികളെ അടിച്ചമര്‍ത്തുമെന്നും കിഴക്കന്‍ ഉക്രൈന്റെ സ്ഥിരത ഉറപ്പുവരുത്താനായി റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും പൊരോഷെങ്കോ നേരത്തെ അറിയിച്ചിരുന്നു. ഉക്രൈന്റെ പരമാധികാരം ലംഘിക്കുന്നത് തുടര്‍ന്നാല്‍ റഷ്യയ്ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്ന് ജി-7 രാഷ്ട്രങ്ങള്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രൈന്റെ ഭാഗമായിരുന്ന ക്രീമിയ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിന്റെ പേരില്‍ ജി-7 രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് മാര്‍ച്ചില്‍ റഷ്യയെ പുറത്താക്കിയിരുന്നു. ജി-7 രാജ്യങ്ങള്‍ പൊരോഷെങ്കോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

