Skip to main content
സാവോ പോളോ

sao polo protest

 

ഫുട്ബാള്‍ ലോകകപ്പ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ സാവോ പോളോയിലെ കൊറിന്തിയന്‍സ് സ്റ്റേഡിയത്തില്‍ പ്രതിഷേധത്തിന്റെ ഇരമ്പം. ചെലവു കുറഞ്ഞ ഭവനപദ്ധതി ആവശ്യപ്പെട്ട് നടന്ന ബുധനാഴ്ച നടന്ന പ്രകടനത്തില്‍ 12,000-ത്തോളം പേരാണ് പങ്കെടുത്തത്. മെട്രോ റെയില്‍ ജീവനക്കാര്‍ ഒപ്പം പണിമുടക്കിയത് ബ്രസീലിലെ ഏറ്റവും വലിയ നഗരത്തെ ഏറെക്കുറെ നിശ്ചലമാക്കി.

 

ഭവനരഹിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രകടനം നടന്നത്. പ്രകടനം സമാധാനപരമായിരുന്നെങ്കിലും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ കൂടുതല്‍ തീവ്രമായ സമരങ്ങളിലേക്ക് തിരിയുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ഡോളര്‍ ബ്രസീല്‍ സര്‍ക്കാര്‍ അനാവശ്യമായി ചെലവഴിച്ചതായി സംഘാടകര്‍ പറയുന്നു. താമസിക്കാന്‍ ഇടമില്ലാതെ തെരുവിലും ചേരികളിലും കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്ക് ചെലവുകുറഞ്ഞ ഭവനപദ്ധതി നടപ്പിലാക്കാന്‍ ഈ തുക മതിയാകുമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലാ എങ്കില്‍ അടുത്ത ആഴ്ച സാവോ പോളോയിലെ ഒരു ആഡംബര ഹോട്ടലില്‍ നടക്കുന്ന ഫിഫ യോഗം ജനങ്ങള്‍ കയ്യേറുമെന്ന് സംഘാടകര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സംഘടനയാണ് ഫിഫയെന്നും ഇവര്‍ കുറ്റപ്പെടുത്തി.

 

വേതന വര്‍ധന ആവശ്യപ്പെട്ടാണ് മെട്രോ റെയില്‍ ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി വരുന്ന സാവോ പോളോ ജനസംഖ്യയിലെ 40 ലക്ഷത്തോളം പേരും മെട്രോയുടെ ദൈനംദിന യാത്രക്കാരാണ്.

 

ലോകകപ്പിലെ ആറു കളികളുടെ വേദിയാണ് സാവോ പോളോ. ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ പ്രതിഷേധങ്ങള്‍ ബ്രസീലില്‍ നടന്നിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ക്ക് ലോകകപ്പിന് ചെലവഴിച്ച പണം വിനിയോഗിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്.    

Tags