Skip to main content
ന്യൂഡല്‍ഹി

narendra modiആദ്യ 100 ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കാന്‍ എല്ലാ മന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പത്ത് പൊതുവായ മുന്‍ഗണനകളും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതായി പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ഭരണത്തിന്റെ കാര്യക്ഷമത, വിതരണം, നിര്‍വ്വഹണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ മോദി മന്ത്രിസഭാംഗങ്ങളോട് ആവശ്യപ്പെട്ടതായി നായിഡു പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊര്‍ജം, നിരത്ത് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് നായിഡു അറിയിച്ചു. സമ്പദ്വ്യവസ്ഥയും അടിസ്ഥാന സൗകര്യ വികസനവും പ്രത്യേക ഊന്നല്‍ ലഭിക്കുന്ന മറ്റ് രണ്ട് വിഷയങ്ങള്‍ ആയിരിക്കുമെന്നും നായിഡു പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ ഒപ്പം കൂട്ടേണ്ടതിന്റെ പ്രാധാന്യവും മോദി എടുത്തുപറഞ്ഞതായി നായിഡു അറിയിച്ചു.

 

വിവിധ മന്ത്രിസഭകള്‍ തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനം, ഉദ്യോഗസ്ഥരില്‍ ആത്മവിശ്വാസം ജനിപ്പിക്കുക, നവീനമായ ആശയങ്ങളെ സ്വാഗതം ചെയ്യുക, സര്‍ക്കാറിലെ സുതാര്യത, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ-ലേലം പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ നയങ്ങളില്‍ സ്ഥിരതയും സുസ്ഥിരതയും, സമയപരിധിയ്ക്കുള്ളില്‍ നയങ്ങള്‍ നടപ്പിലാക്കുക, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വ്യവസ്ഥകള്‍ കൊണ്ടുവരിക, ജനങ്ങളുമായി പരമാവധി ഇടപഴകുന്നതിന് സാങ്കേതിക വിദ്യയും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുക എന്നതാണ് മോദി നിശ്ചയിച്ചിരിക്കുന്ന പത്ത് മുന്‍ഗണനകള്‍.