Skip to main content
ന്യൂഡല്‍ഹി

 

ന്യൂഡല്‍ഹിയില്‍ വച്ച് നാളെ (തിങ്കളാഴ്ച) നടക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിനായി രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ ഉള്ള ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ 151 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ അറിയിച്ചത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയും പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫും പങ്കെടുക്കും.

 

നാളെ വൈകീട്ട് ആറിനാണ് മോഡിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കുക. റിപ്പബ്ലിക്ദിന പരേഡിന്റേതിനേക്കാള്‍ കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാചടങ്ങിന് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങില്‍ ഒമ്പത് രാഷ്ട്രത്തലവന്‍മാരും മുന്‍ പ്രധാനമന്ത്രിമാരും വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമുള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുക്കും. രാഷ്ട്രപതിഭവന് ചുറ്റുമുള്ള രണ്ട് കി.മീ. പ്രദേശം 6000 സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരിക്കും. വ്യോമസേന, ഡല്‍ഹി പോലീസ്, ദേശീയ സുരക്ഷാഗാര്‍ഡ്, അര്‍ധസൈനിക വിഭാഗങ്ങള്‍ തുടങ്ങിയവ സംയുക്തമായാകും സുരക്ഷയൊരുക്കുക.

 

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ഭൂട്ടാന്‍ പ്രസിഡന്റ് ഷെറിങ് തോബ്‌ഗേ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം, ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരി, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങിനെത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം രാഷ്ട്രനേതാക്കള്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിനെത്തുന്നത്. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി പ്രതിനിധികളായി പങ്കെടുക്കും.