നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് പങ്കെടുക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക.
ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ സാര്‍ക്കിലെ ഏഴു അംഗരാഷ്ട്രങ്ങളിലേയും ഭരണത്തലവന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇവരുമായി മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഷെരിഫ് അധികാരത്തിലെത്തിയ സമയത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ക്ഷണം നിരസിക്കുകയായിരുന്നു.