Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അരമണിക്കൂര്‍ വീതം ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. കേന്ദ്രനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്കുറവും ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് കാരണം ഉണ്ടാകുന്ന കുറവ് നികത്താനാണ് താല്‍ക്കാലിക ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്.

 

വ്യാഴാഴ്ച മുതല്‍ മേയ് 31 വരെ വൈകുന്നേരം അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. ഒരുദിവസം വടക്കന്‍ മേഖലയിലും അടുത്ത ദിവസം തെക്കന്‍ മേഖലയിലും ആയിരിക്കും നിയന്ത്രണം. ഇതനുസരിച്ച് വ്യാഴാഴ്ച കാസര്‍കോട് മുതല്‍ മാടക്കത്തറ 400 കെ.വി സബ്സ്റ്റേഷന്‍ വരെ പ്രദേശത്തും വെള്ളിയാഴ്ച കളമശേരി 220 കെ.വി സബ്സ്റ്റേഷന്‍ മുതല്‍ തിരുവനന്തപുരം ജില്ലവരെയുള്ള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാവും. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ ഡെഡിക്കേറ്റഡ് ഫീഡറുകള്‍ എന്നിവയെ ഒഴിവാക്കും.

 

ശബരിഗിരി പദ്ധതി അടയ്ക്കുന്നതോടെ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ബട്ടര്‍ഫ്ലൈ വാല്‍വ് മാറ്റി സ്ഥാപിക്കുന്നതിനായി 42 ദിവസത്തേക്കാണ് ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നത്. പദ്ധതിയില്‍ നിന്ന് വൈദ്യുത ഉല്‍പാദനത്തിന് ശേഷമുള്ള വെള്ളം ഉപയോഗപ്പെടുത്തുന്ന കക്കാട്ടാറ്, പമ്പാ നദികളിലെ അഞ്ചു ജലവൈദ്യുത പദ്ധതികളുടെയും പ്രവര്‍ത്തനം ഇന്നു മുതല്‍ കുറയും.