Skip to main content
തിരുവനന്തപുരം

 

ഈ വർഷം 2900 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കാൻ ശ്രമം. ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതിനിരക്ക്‌ 25% വരെ കൂട്ടാന്‍ കെ.എസ്‌.ഇ.ബി. റെഗുലേറ്ററി കമ്മീഷനോടു ശുപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. താരിഫ്‌ പെറ്റീഷന്‍ സംബന്ധിച്ച് കെ.എസ്‌.ഇ.ബി റെഗുലേറ്ററി കമ്മീഷനു നല്‍കിയ നിവേദനത്തിലാണ്‌ ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

നിരക്ക് വർദ്ധനയിലൂടെ 1400 കോടി രൂപയുടെ നഷ്ടം നികത്താൻ കഴിയുമെന്നാണ് കെ.എസ്‌.ഇ.ബി പറയുന്നത്. ആവശ്യം അംഗീകരിക്കപ്പെട്ടാൽ യൂണിറ്റിന് 80 പൈസയുടെ വർദ്ധനയാണ് ഉണ്ടാകുക. അപേക്ഷ റഗുലേറ്ററി കമ്മീഷൻ ഇന്ന് പരിശോധിക്കും. വൈദ്യുതി ഉപഭോക്താക്കളുടെ വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുന്നത്. ആദ്യ 40 യൂണിറ്റിന് വരെ വർദ്ധന നിർദ്ദേശിച്ചിട്ടില്ല.

 

200 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന്‌ ആദ്യ യൂണിറ്റ്‌ മുതല്‍ അവസാന യൂണിറ്റ്‌ വരെ ഒരേനിരക്ക്‌ ഈടാക്കാന്‍ അനുവദിക്കണമെന്നതാണു പ്രധാന ആവശ്യം. നിലവില്‍ 300 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്നവരില്‍നിന്നാണ്‌ ഇത്തരത്തില്‍ നോണ്‍ ടെലിസ്‌കോപ്പിക്‌രീതിയിലുള്ള നിരക്ക്‌ ഈടാക്കുന്നത്‌. ബോർഡ് സമർപ്പിച്ച വാർഷിക വരവ് ചെലവ് കണക്കുകളുടെ വിശദവിവരം ഇന്ന് റഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.