പതിനാറാമത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) അധികാരത്തിലേക്ക്. അഞ്ച് ആഴ്ചകളില്‍ ഒന്‍പത് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരുമ്പോള്‍ 300-ല്‍ അധികം സീറ്റുകളില്‍ എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്ന യു.പി.എ സര്‍ക്കാറിനെ നയിച്ച കോണ്‍ഗ്രസ് ചരിത്രത്തിലെ ദയനീയ പരാജയത്തെയാണ് നേരിടുന്നത്.
രാജ്യമെങ്ങുമുള്ള 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന്‍ കാലത്ത് 8.15-ഓടെ ഫലസൂചനകള്‍ പുറത്ത് വന്നതോടെ തന്നെ ബി.ജെ.പി തരംഗം പ്രകടമായിരുന്നു. ആകെയുള്ള 543 സീറ്റുകളില്‍ 335 സീറ്റുകളില്‍ എന്‍.ഡി.എ മുന്നിലാണ്. ഇതില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്ന സീറ്റുകള്‍ 284 എണ്ണമാണ്. 1984-ന് ശേഷം ഒരു കക്ഷിയും നേടാത്ത കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റെന്ന ലക്ഷ്യം ബി.ജെ.പിയുടെ കൈപ്പാടകലെയായിക്കഴിഞ്ഞു.
ഗുജറാത്തിലെ വഡോദരയില്‍ 5.7 ലക്ഷത്തിനധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി വിജയിച്ചു. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ നിന്നും മോഡി വിജയിച്ചിട്ടുണ്ട്.
യു.പി.എ 59 സീറ്റില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 46 സീറ്റുകളില്‍ മാത്രം മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് 1999-ല്‍ നേടിയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളായ 114-ലേക്ക് എത്താനുള്ള സാധ്യത കാണുന്നില്ല.
പ്രാദേശിക കക്ഷികളില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ, പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്.

