Skip to main content
കണ്ണൂര്‍

സി.എം.പി നേതാവ് എം.വി. രാഘവന്‍ പടുത്തുയര്‍ത്തിയ പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റിയുടെ പേരില്‍ തര്‍ക്കം മുറുകുന്നു. എം.വി.ആറിന് ശേഷം ഡയറക്ടര്‍ സ്ഥാനത്തെത്തിയ മകന്‍ എം.വി ഗീരീഷ് കുമാറിനെ പുറത്താക്കിയതായി എം.വി.ആറിന്റെ മരുമകന്‍ ഇ. കുഞ്ഞിരാമന്‍ പറഞ്ഞു. എന്നാല്‍ എം.വി ഗിരീഷ് കുമാറിനെ പുറത്താക്കിയ യോഗം നടന്നിട്ടില്ലെന്ന് സി.പി ജോണ്‍ വിഭാഗം ആരോപിച്ചു.

 

അതിനിടെ എം.വി. ഗിരീഷ് കുമാര്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി സ്ഥാപനത്തിന് പൊലീസ് സുരക്ഷ ശക്തമാക്കാന്‍ ആവശ്യപ്പട്ടു. നിയമപരമായും കൃത്യമായും സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി.

 

തലശ്ശേരി കോടതിയുടെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കൃത്രിമ ഭരണസമിതി ചേര്‍ന്ന് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് എം.വി.ഗിരീഷ്‌കുമാര്‍ പറഞ്ഞു. ജനറല്‍ബോഡി വിളിക്കാമെന്നും പക്ഷേ ഒരു കാരണവശാലും ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാടില്ലെന്നുമുള്ള കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് ഗിരീഷ്‌ കുമാര്‍ പറഞ്ഞു. തങ്ങള്‍ നിയമനടപടികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സി.പി.ഐ.എം സഹായത്തോടെ സി.എം.പി. ജില്ലാക്കമ്മിറ്റി ഓഫീസ് പിടിച്ചെടുത്തതിന് സമാനമാണ് വിഷചികിത്സാ സൊസൈറ്റിക്കുമേലുള്ള കൈയേറ്റമെന്ന് സി.പി.ജോണ്‍ വിഭാഗം ആരോപിച്ചു.