പത്തു വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഔദ്യോഗിക വസതി വിട്ടിറങ്ങുന്നു. അവസാന ഔദ്യോഗിക യോഗങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 16-നോ 17-നോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങള്‍ പ്രസംഗം നടത്തും. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ എന്നിവരടക്കമുള്ള ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി വിടവാങ്ങല്‍ സന്ദേശം അയച്ചു.
മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയായ 7 റേസ് കോര്‍സ് റോഡില്‍ യാത്രയയപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാ ഗാന്ധിക്കും, ശേഷം ഏറ്റവും കൂടുതല്‍ വര്ഷം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവാണ് മന്‍മോഹന്‍ സിംഗ്. വോട്ടെണ്ണലിനു ശേഷം ശനിയാഴ്ച ഓഫീസ് ഒഴിയുന്നതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചകള്‍ ഇന്നു നടക്കും. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്‍പ് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ക്കും. മന്ത്രിമാര്‍ക്കും മറ്റ് ക്യാബിനെറ്റ് അംഗങ്ങള്‍ക്കുമായി പ്രധാനമന്ത്രി അത്താഴ വിരുന്നും സംഘടിപ്പിക്കും.
