Skip to main content
തിരുവനന്തപുരം

harihar varmaരത്നവ്യാപാരി ഹരിഹര വർമ്മയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ആറാം പ്രതിയും ഹരിഹര വർമ്മയുടെ സുഹൃത്തുമായ അഡ്വക്കേറ്റ് ഹരിദാസിനെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ അതിവേഗ കോടതി ജഡ്ജി കെ.കെ.സുജാത നാളെ വിധിക്കും.

 

തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ് (33), കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ് (27), തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍ (24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. ഇതില്‍ മൂന്ന് പേര്‍ ബാംഗ്ലൂരില്‍ എന്‍ജിനിയിറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. കൊലപാതകം,​ കവർച്ച,​ തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

2012 ഡിസംബർ 24-ന് തിരുവനന്തപുരം വട്ടിയൂർക്കാവ് പുതൂർക്കോണം കേരള നഗറിൽ ആറാം പ്രതിയായ അഡ്വ. ഹരിദാസിന്റെ മകളുടെ വീട്ടിൽ വച്ചായിരുന്നു കോളിളക്കം സൃഷ്ടിച്ച സംഭവം. രത്നവ്യാപാരിയായ ഹരിഹര വർമ്മയെ വില പിടിപ്പുള്ള രത്നങ്ങൾ വാങ്ങാനെന്ന പേരിൽ എത്തിയ സംഘം ക്ലോറോഫോം മണപ്പിച്ച ശേഷം കൊലപ്പെടുത്തി രത്നങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് അഡ്വ ഹരിദാസ് സഹായം നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും ഇതിന് മതിയായ തെളിവുകളിലെന്ന് കോടതി കണ്ടെത്തി.

 

പൂഞ്ഞാര്‍ രാജകുടുംബാംഗമെന്ന പേരിലാണ് വര്‍മ്മ രത്നവ്യാപാരം നടത്തിയിരുന്നതെങ്കിലും ഇയാള്‍ക്ക് പൂഞ്ഞാര്‍ കോവിലകവുമായി ബന്ധമില്ലെന്ന് മനസ്സിലാക്കിയായിരുന്നു പ്രതികള്‍ കവര്‍ച്ചയ്ക്കും കൊലപാതകത്തിനും മുതിര്‍ന്നത്. വര്‍മ്മയുടെ ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.