Skip to main content
ന്യൂഡല്‍ഹി

rain in kerala

 

സംസ്ഥാനത്ത് വേനല്‍മഴയില്‍ 110 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍. ദുരിതാശ്വാസ സഹായം അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാറിന് കേരളം വ്യാഴാഴ്ച പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. മേയ് 12-നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ന്യൂഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

 

കൃഷിനാശം മാത്രം 20 കോടി രൂപയോളം വരുമെന്ന് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി മന്ത്രി പറഞ്ഞു. 252 വീടുകള്‍ പൂര്‍ണമായും 1242 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 4309 വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. സംസ്ഥാനത്തൊട്ടാകെ 551 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. അന്തിമറിപ്പോര്‍ട്ടില്‍ 150 കോടി രൂപയിലധികം ധനസഹായമായി ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഏപ്രില്‍ മാസത്തില്‍ മാത്രം മഴയില്‍ 18 മരണങ്ങളുണ്ടായി. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലുണ്ടായ ആള്‍നാശം ഇതിന് പുറമെയാണ്. ഇന്ന് തന്നെ മൂന്നുപേര്‍ മരിച്ചതായും മന്ത്രി പറഞ്ഞു. ഇപ്പോള്‍ പെയ്യുന്ന മഴയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ഹൈറേഞ്ചില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

 

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ട് മന്ത്രി പ്രാഥമിക റിപ്പോര്‍ട്ടും ധനസഹായത്തിനുള്ള നിവേദനവും നല്‍കി.