Skip to main content
ന്യൂഡല്‍ഹി

പതിനാറാമത് ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 12-ന് നടക്കുന്ന അടുത്ത ഘട്ടത്തോടെ വോട്ടെടുപ്പിന് തിരശീല വീഴും. മേയ് 16-ന് ഫലമറിയാം.

 

rahul gandhiകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഉത്തര്‍ പ്രദേശിലെ അമേത്തിയാണ്എട്ടാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. നെഹ്രു കുടുംബത്തിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയും എ.എ.പിയുടെ കുമാര്‍ ബിശ്വാസുമാണ് രാഹുലിനെ എതിരിടുന്നത്. അയല്‍ മണ്ഡലമായ സുല്‍ത്താന്‍പുരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി വരുണ്‍ ഗാന്ധിയും ജനവിധി തേടുന്നുണ്ട്.

 

തീരദേശ ആന്ധ്രയും റായലസീമയും അടങ്ങുന്ന സീമാന്ധ്രയിലും ഇന്ന്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ലോകസഭയിലെ 25 മണ്ഡലങ്ങളിലേക്കും നിയമസഭയിലെ 175 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമായതിനാല്‍ പുതിയ സീമാന്ധ്ര സംസ്ഥാനത്തിന്റെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്.

 

യു.പി (15), ബീഹാര്‍ (7), പശ്ചിമ ബംഗാള്‍ (6) ഉത്തരഖണ്ട് (5), ഹിമാചല്‍ പ്രദേശ്‌ (4), ജമ്മു കശ്മീര്‍ (2) എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

 

ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്ന ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍, രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ റാബ്രി ദേവി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. സി.പി.ഐ.എമ്മിന്റെ ബസുദേവ് ആചാര്യ ഒന്‍പത് വട്ടം വിജയിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ബങ്കുറയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ചലച്ചിത്ര താരം മൂണ്‍മൂണ്‍ സെന്‍ മത്സരിക്കുന്നതും ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള പോരാട്ടമാണ്.