Skip to main content
മലപ്പുറം

കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി (81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

1951 മുതല്‍ അബ്ദുല്‍ ഖാദര്‍ മൗലവി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരികയാണ്. കാല്‍നൂറ്റാണ്ട് കാലത്തോളം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

 

കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.