Skip to main content
ന്യൂഡല്‍ഹി

gautam adaniബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയില്‍ നിന്ന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചതായ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അദാനി നിഷേധിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഗ്രൂപ്പ് 1993 മുതല്‍ ഏറ്റെടുത്ത ഭൂമിയെല്ലാം തരിശുനിലങ്ങള്‍ ആയിരുന്നുവെന്നും അദാനി പറഞ്ഞു.

 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോഡിയ്ക്കെതിരെയുള്ള മുഖ്യ ആരോപണമായി അദാനിയുമായുള്ള ബന്ധം മാറിയതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ  ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദാനിയുടെ പ്രതികരണം.

 

മുന്ദ്രയില്‍ 1993 മുതല്‍ ഗ്രൂപ്പ് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതാണെന്നും ഇവിടെ ആകെ ഏറ്റെടുത്ത 15,946 ഏക്കര്‍ ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ മോഡി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നുള്ളൂ എന്നും അദാനി പറഞ്ഞു. കര്‍ഷകരുടെ ഒരേക്കര്‍ ഭൂമി പോലെ ഏറ്റെടുത്തിട്ടില്ല. കച്ചിലെ കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത തരിശായതോ മരുഭൂമി പോലുള്ളതോ ആയ ഭൂമിയാണ്‌ ഏറ്റെടുത്തിട്ടുള്ളതെന്നും അദാനി കൂട്ടിച്ചേര്‍ത്തു.

 

870 കോടി ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥര്‍. പത്ത് കോടി ടണ്‍ ചരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ തുറമുഖത്തിലൂടെ നീങ്ങിയത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കല്‍ക്കരി ഊര്‍ജ നിലയവും മുന്ദ്രയില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.

 

തുച്ഛമായ വിലയ്ക്കാണ് ഭൂമി ലഭിച്ചതെന്ന ആരോപണവും അദാനി നിഷേധിച്ചു. 1993-ല്‍ മുഖ്യമന്ത്രിയായിരുന്ന ചിമന്‍ഭായ് പട്ടേല്‍ ചതുരശ്ര മീറ്ററിന് പത്ത് പൈസയും 1995-ലെ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ ചതുരശ്ര മീറ്ററിന് ഒരു രൂപയും 1996-97 കാലഘട്ടത്തിലെ ശങ്കര്‍ സിങ്ങ് വഘേല മന്ത്രിസഭ ചതുരശ്ര മീറ്ററിന് 1.5 രൂപയുമാണ് ഈടാക്കിയിരുന്നത്. മോഡിയുടെ ഭരണകാലത്ത് ചതുരശ്ര മീറ്ററിന് ശരാശരി 15 രൂപാ നിരക്കില്‍ 5000 ഏക്കറോളം സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും അദാനി പറഞ്ഞു.  

 

അദാനിയെപ്പോലുള്ള വ്യവസായികള്‍ക്ക് മോഡി വന്‍ ഇളവുകള്‍ നല്‍കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലികളില്‍ ആരോപിച്ചിരുന്നു. മിഠായി വില്‍ക്കുന്നതു പോലെ ഏക്കറിന് ഒരു രൂപയ്ക്കാണ് അദാനിയ്ക്ക് മോഡി ഭൂമി നല്‍കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാന്‍ മുകേഷ് അംബാനിയും പോലുള്ള വന്‍കിട വ്യവസായികളും മോഡിയും തമ്മില്‍ ബന്ധമുള്ളതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.