Skip to main content

aditya and rani

 

പ്രശസ്ത ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഏപ്രില്‍ 21-ന് രാത്രിയില്‍ ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ആദിത്യ ചോപ്ര അമരക്കാരനായ ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.

 


ഇരുവരും പ്രണയത്തിലാണെന്ന് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹമാണിത്. ബാലൃകാല സുഹൃത്തായ പായല്‍ ഖന്നയെ വിവാഹം കഴിച്ച ആദിത്യ ചോപ്ര 2009-ലാണ് ആ ബന്ധം വേര്‍പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നായിരുന്നു വിവാഹത്തെക്കുറിച്ച് റാണി മുഖര്‍ജിയുടെ ഔദ്യോഗിക പ്രതികരണം. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളുമുണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

 


സംവിധായകനായിരുന്ന രാം മുഖർജിയുടെ മകളായ റാണി മുഖര്‍ജി രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് വന്നത്. കുച്ച് കുച്ച് ഹോത ഹേ,ഹം തും, യുവ,സാതിയ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് റാണിയെ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രിയങ്കരി ആക്കിയത്. പ്രമുഖ നടന്‍ യഷ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെ, മൊഹബത്ത്, റബ്‌നേ ബനാദി ജോഡി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.