Skip to main content
അഹമ്മദാബാദ്

pravin togadiaവിശ്വ ഹിന്ദു പരിഷദ് (വി.എച്ച്.പി) അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ നടത്തിയതായി ആരോപിക്കുന്ന വിദ്വേഷ പ്രസംഗത്തില്‍ ഗുജറാത്തിലെ ഭാവ്നഗര്‍ പോലീസ് തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി. അതിനിടെ, തൊഗാഡിയയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി രംഗത്തെത്തി.

 

ഭാവ്നഗറില്‍ പ്രാദേശിക വി.എച്ച്.പി നേതാവിന്റെ വീട്ടിലെത്തിയ തൊഗാഡിയയെ സന്ദര്‍ശിച്ച പ്രദേശവാസികളോട് നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീടുകള്‍ വില്‍ക്കുന്നത് തടയണമെന്നായിരുന്നു തൊഗാഡിയയുടെ ആഹ്വാനം.

 

വികസനവും സദ്ഭരണവുമാണ് ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങളെന്നും ബി.ജെ.പിയുടെ അഭ്യുദയാംകാംക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ തുച്ഛമായ പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചാരണം വഴി തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്ര മോഡി ചൊവാഴ്ച തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രസ്താവിച്ചു. ഇത്തരം നിരുത്തരവാദിത്തപരമായ പ്രസ്താവനകളെ താന്‍ അംഗീകരിക്കുന്നില്ലെന്നും മോഡി പറഞ്ഞു. ബി.ജെ.പിയും തൊഗാഡിയയുടെ പ്രസ്താവനയെ തള്ളിയിരുന്നു.

 

കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ തൊഗാഡിയയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ സി.ഡി  ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കിട്ടിക്കഴിഞ്ഞാല്‍ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഭാവ്നഗര്‍ പോലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച തന്നെ വിശദീകരണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.