Skip to main content
തിരുവനന്തപുരം

custodial deathതിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐയ്ക്ക് കോടതിയുടെ വിമര്‍ശനം. പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധങ്ങളാണെന്നും ഇത് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഏപ്രില്‍ 30-ലേക്ക് മാറ്റി.

 

കുറ്റപത്രത്തിലെ പാളിച്ചകള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയാണ്‌ കേസ് മാറ്റിയത്. കൂടാതെ, കൊലപാതകത്തിന് ശേഷം പ്രതികള്‍ ചര്‍ച്ച നടത്തി എന്നു സി.ബി.ഐ പറയുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ആരാണെന്ന് കണ്ടുപിടിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

2005 സപ്തംബര്‍ 27-നാണ് ഫോര്‍ട്ട് പോലീസ് സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്ത ഉദയകുമാറിനെ പിറ്റേദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, രവീന്ദ്രന്‍ നായര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, ഡിവൈ.എസ്.പി. മാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരാണ് കേസിലെ പ്രതികള്‍.

 

കേസന്വേഷണത്തിലെ വീഴ്ചകള്‍ക്ക് നേരത്തേയും കോടതി സി.ബി.ഐ.യെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സങ്കീര്‍ണമായ കേസ് സി.ബി.ഐ നിസാരമായാണ് കൈകാര്യം ചെയ്തതെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍.