തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നും അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേ അദ്വാനി കൂടിച്ചേര്‍ത്തു.
രാജ്യത്ത് 1952 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ കണ്ടതിന്റേയും മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് വോട്ടു ചെയ്യല്‍ നിര്‍ബന്ധിതമാക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്വാനി പറഞ്ഞു. സുപ്രീം കോടതിയും ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളതായി അദ്വാനി കൂട്ടിച്ചേര്‍ത്തു. ഇറ്റലി, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വോട്ടു ചെയ്യല്‍ നിര്‍ബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടു ചെയ്യാത്തവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കേണ്ടതുണ്ടെന്നും അദ്വാനി പറഞ്ഞു. ചില രാജ്യങ്ങളില്‍ പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഒട്ടേറെ ദരിദ്രരുണ്ട്. അതുകൊണ്ടാണ് വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്വാനി വിശദീകരിച്ചു.
ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യല്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ടെന്ന് അദ്വാനി പറഞ്ഞു. എന്നാല്‍, ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്വാനി പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ചെലവ് നിയന്ത്രിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഗ്രാന്റ് അനുവദിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.