നരേന്ദ്ര മോഡിയുടെ വിശ്വസ്തനും ബി.ജെ.പിയുടെ ജോയിന്റ് സെക്രട്ടറിയുമായ അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഉത്തര്‍പ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തില്ലെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്കിയ പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയത്.
യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന പൊതുചടങ്ങുകളിവും റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കാന്‍ അമിത് ഷാക്ക് കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 11-നാണ് അമിത് ഷായ്ക്കും സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയത്. മുസാഫര്‍ നഗറിലുണ്ടായ കലാപത്തിന് വോട്ടിലൂടെ പ്രതികാരം വീട്ടണമെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.
മുസഫര്‍നഗര്‍ കലാപബാധിതരുടെ യോഗത്തില്‍ സംസാരിക്കവേ കലാപത്തിന് ‘പ്രതികാരം’ ചെയ്യാന്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യാന്‍ അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കലാപം പടിഞ്ഞാറന്‍ യു.പിയിലെ ബിജ്നോര്‍, ഷംലി, എന്നിവിടങ്ങളിലും ഷാ നടത്തിയ പ്രസംഗങ്ങള്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഷാക്ക് വിലക്കേര്‍പ്പെടുത്തിയത്. അമിത് ഷാക്കാണ് യു.പിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

