Skip to main content
ന്യൂഡല്‍ഹി

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഭൂരിപക്ഷം നേടുമെന്ന് എന്‍.ഡി.ടി.വിയുടെ സര്‍വെ റിപ്പോര്‍ട്ട്‌. 275 സീറ്റുകള്‍ നേടിയാകും ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 226 സീറ്റുകളോടെ ബി.ജെ.പി ഏറ്റവും വലിയ പാര്‍ട്ടിയാകും. ഭരണകക്ഷിയായ കോണ്‍ഗ്രസിന് പരമാവധി 92 സീറ്റായിരിക്കും ലഭിക്കുക. എന്നിങ്ങനെയാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്

 

ഫെബ്രുവരി മാസത്തിലെ സര്‍വ്വേയില്‍ 195 സീറ്റ് ആയിരുന്നു ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ടിരുന്നത്. നിലവില്‍ 116 അംഗങ്ങളാണ് ബി.ജെ.പിക്ക് ഉള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണ കാണുക. 1998, 99 തിരഞ്ഞെടുപ്പുകളില്‍ 182 സീറ്റുകളാണ് പാര്‍ട്ടിയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഈ രണ്ട് തവണയും ബി.ജെ.പി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

 

സര്‍വെ അനുസരിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുന്ന 92 സീറ്റ് യാഥാര്‍ഥ്യമായാല്‍ ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനമാവും ഇത്. 1999-ല്‍ നേടിയ 114 സീറ്റ് നേടിയതാണ് ഇതുവരെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനം. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 116 ഉം കോണ്‍ഗ്രസിന് 206 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.

 

ഏറ്റവും കൂടുതല്‍ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ നിന്നാവും ബി.ജെ.പി. ഇക്കുറി ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലഭിക്കുക. 80 അംഗങ്ങളുള്ള സംസ്ഥാനത്ത് നിന്ന് പാര്‍ട്ടിക്ക് 52 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 80-ല്‍ 51 സീറ്റുകളാണ് യു.പിയില്‍ എന്‍.ഡി.എയ്ക്ക് പ്രവചിക്കപ്പെടുന്നത്. ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എന്‍.ഡി.എയുടെ ആധിപത്യമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന സീറ്റുകളേയുള്ളൂ എന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.