ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും ന്യൂനപക്ഷ സമുദായ അംഗത്തെയും ഉള്‍പെടുത്തി പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു, എസ്.എ. ബോബ്‌ഡെ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇതു സംബന്ധിച്ച് അഡ്വ. ഫാത്തിമയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വിധിച്ച ബെഞ്ച് എസ്.ഐ.ടി പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം പുന:സംഘടിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ബെഞ്ച് വിധിച്ചു. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരിയായ അഡ്വ. ഫാത്തിമ ഹര്‍ജി പിന്‍വലിച്ചു.
2002-ല്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി, സര്‍ദാര്‍പുര, നരോദ പാട്യ, നരോദ ഗാവോന്‍ , മചിപിത്ത്, ഒഡെ, ടര്‍സാലി, പണ്ടാര്‍വാഡ, രാഘവപുര എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങള്‍ അന്വേഷിക്കാനാണ് സുപ്രീം കോടതി സി.ബി.ഐ. മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.