പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ 3 മണിക്കൂറില്‍ സംസ്ഥാനത്ത് 22.3% പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇരുപത് മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
ഒന്‍പത് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിലെ 2.4 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തും. രാജ്യത്ത് മറ്റ് 71 ലോകസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. എല്ലാ പോളിങ്ങ് ബുത്തുകളിലുമായി മൊത്തം 30795 ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. എതെങ്കിലും വോട്ടിങ്ങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനായി കൂടതല്‍ യന്ത്രങ്ങള്‍ കരുതിയിട്ടുമുണ്ട്. ഏകദേശം ഒരുമാസക്കാലമായി നടന്ന ശക്തമായ പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.
പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും ആദ്യ മണിക്കൂറില്‍ തന്നെ വോട്ടു രേഖപ്പെടുത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിണറായിയിലെ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എം.എ ബേബിയും എ. സമ്പത്തും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴയിലും കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ധിഖ് കോഴിക്കോടും വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാക്കള്‍ കോഴിക്കോട് വിവിധ മണ്ഡലങ്ങളില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഇടതു ജനാധിപത്യ മുന്നണിയില്‍ സി.പി.ഐ.എം സ്വതന്ത്രരടക്കം 16 സീറ്റിലും സി.പി.ഐ മൂന്ന് സീറ്റിലും ജനതാദള്‍ (എസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസ് 15 സീറ്റിലും മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും ആര്.എസ്.പിയും ഓരോ സീറ്റിലും മത്സരിക്കുന്നു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും ഏറ്റുമുട്ടുന്ന കൊല്ലമാണ് സംസ്ഥാനത്ത് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 1,16,81,503 പുരുഷന്മാരും 1,25,70,439 സ്ത്രീകളും 11,174 പ്രവാസി വോട്ടര്‍മാരുമടക്കം 2,42,51,942 സമ്മതിദായകരാണ് ഉള്ളത്. 20 മണ്ഡലങ്ങളിലായി ആകെ 269 സ്ഥാനാര്‍ഥികള്‍ ഇവരില്‍ നിന്ന് വ്യാഴാഴ്ച ജനവിധി തേടും. ഇതില്‍ സ്ത്രീകളുടെ എണ്ണം 24 മാത്രം. 20 പേര് മത്സരിക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഏറ്റവും കുറവ് ഒന്‍പത് പേരുള്ള മാവേലിക്കരയും. ഒട്ടുമിക്ക മണ്ഡലങ്ങളിലും രണ്ട് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ നേരിടുന്ന അപര ശല്യം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 21,424 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
കേരളത്തിന് പുറമേ കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി (ഏഴു മണ്ഡലങ്ങള്‍), ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ലക്ഷദ്വീപ് (ഓരോ മണ്ഡലം വീതം) എന്നിവിടങ്ങളിലും പത്ത് മണ്ഡലങ്ങളുള്ള ഹരിയാനയിലും വ്യാഴാഴ്ചയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഒപ്പം, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ (പത്ത് മണ്ഡലങ്ങള്‍ വീതം) മധ്യപ്രദേശ് (ഒന്‍പത്), ബിഹാര്‍ (ആറ്), ജാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍, ഛത്തിസ്ഗഡ് (ഓരോ മണ്ഡലം വീതം) എന്നിവിടങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയില്‍ ആദ്യഘട്ടത്തിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒപ്പം വോട്ടെടുപ്പ് നടക്കും.

