ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്. വഡോദരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കൂടി മോഡി മത്സരിക്കുന്നുണ്ട്.
കാവി നിറത്തിലുള്ള തൊപ്പിയും ധരിച്ച് മുദ്രാവാക്യം മുഴക്കിയ നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ്ഷോ നടത്തിയാണ് മോഡി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. സ്വന്തം ചിഹ്നമായ താമര പതിപ്പിച്ച തുറന്ന ജീപ്പിലായിരുന്നു റോഡ്ഷോ. നാലു കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ച് ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് പത്രികാ സമര്‍പണം നടത്തിയത്. വഡോദര തന്റെ കര്‍മഭൂമിയാണെന്നും സദ്ഭരണത്തിനുവേണ്ടി ഇവര്‍ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പത്രിക സമര്‍പ്പിച്ചശേഷം മോഡി പറഞ്ഞു.
വഡോദരയില്‍ ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 30-നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ മധുസൂദനന്‍ മിസ്ത്രിയാണ് വഡോദരയില്‍ മോഡിക്കെതിരെ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനില്‍ കുല്‍ക്കര്‍ണിയും മത്സര രംഗത്തുണ്ട്. വഡോദരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കൂടി മോഡി മത്സരിക്കുന്നുണ്ട്. അവിടെ അരവിന്ദ് കെജ്രിവാളാണ് മോഡിയുടെ എതിര്‍ സ്ഥാനാര്‍ഥി.
1998 മുതല്‍ ബി.ജെ.പി.യുടെ കുത്തക മണ്ഡലമാണ് വഡോദര. കഴിഞ്ഞ തവണ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥി ബാല്‍കൃഷ്ണ ശുക്ല വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വഡോദര ലോക്‌സഭാ മണ്ഡലത്തിലെ ഏഴില്‍ ആറു സീറ്റിലും ബി.ജെ.പി.യാണ് വിജയിച്ചത്. ശേഷിക്കുന്ന ഒരു സീറ്റില്‍ വിജയിച്ച സ്വതന്ത്ര്യന്‍ പിന്നീട് ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു.