ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് (ചൊവ്വാഴ്ച) മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.
കേരളം ഭീകരരുടെ നഴ്സറി ആയി മാറിയിരിക്കുന്നുവെന്ന് കാസര്‍ഗോഡ് ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോഡി പറഞ്ഞു. പ്രതിരോധ വകുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി എ.കെ ആന്റണിയേയും മോഡി നിശിതമായി വിമര്‍ശിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിയുമെന്ന് തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കവേ അദ്വാനി പറഞ്ഞു. എന്നാല്‍, മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോയെന്ന കാര്യത്തില്‍ അദ്വാനി ഉറപ്പ് പറഞ്ഞില്ല. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ജയിക്കുമെന്നും കേന്ദ്രസര്‍ക്കാറില്‍ മന്ത്രിയാകുമെന്നും അദ്വാനി വിശ്വാസം പ്രകടിപ്പിച്ചു.