Skip to main content
ന്യൂഡല്‍ഹി

smriti Irani and rahul gandhiഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും തീരുമാനമായി.

 


നേരത്തെ സോണിയക്കെതിരെ ഉമാഭാരതിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി. തീരുമാനിച്ചിരുന്നത്. എന്നാല്‍, ഝാന്‍സിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും സോണിയയ്‌ക്കെതിരെ മത്സരത്തിന് തയ്യാറല്ലെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു. അതോടെ ബോഫോഴ്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകനായ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 


രാഹുലിനെതിരെ സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജനപ്രിയ ചാനല്‍ താരമെന്ന നിലയില്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് സുപരിചിതയായ 38-കാരിയായ സ്മൃതി ഇറാനി നിലവില്‍ രാജ്യസഭ എം.പി ആണ്. അവര്‍ ഏതാനും വര്‍ഷമായി ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റാണ്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ ബിശ്വാസാണ് അമേഠിയിലെ മറ്റൊരു സ്ഥാനാര്‍ഥി. സ്മൃതിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ അമേഠി ത്രികോണ മത്സരത്തിന് വേദിയാകും.