Skip to main content

ന്യൂസ്‌ പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി. രാംദാസ് (83) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ധാരയെ പിന്‍തുടര്‍ന്ന് മലയാളത്തില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ സിനിമയാണ് ന്യൂസ്‌ പേപ്പര്‍ ബോയ്.

 


1955 മെയ് 13-ന് തൃശൂര്‍ ജോസ് തിയേറ്ററിലാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ന്യൂസ്‌ പേപ്പര്‍ ബോയിയുടെ നിര്‍മ്മാണവും സംവിധാനവും രാംദാസ് തന്നെയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ന്യൂസ്‌ പേപ്പര്‍ ബോയ് എടുക്കുന്നത്. അന്നത്തെ കാലത്ത് 175000 രൂപ ചിലവഴിച്ചാണ് രാംദാസ് ന്യൂസ്‌ പേപ്പര്‍ ബോയ് ഒരുക്കിയത്. ലോകത്ത് തന്നെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്‌സ്യല്‍ സിനിമ എന്ന പ്രത്യേകതയും ന്യൂസ്‌ പേപ്പര്‍ ബോയിക്കുണ്ട്.

 


അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളായിരുന്നു സിനിമയ്ക്ക് വിഷയമായത്. അക്കാലത്ത് ഫിലിം ഫെയര്‍ മാസികയില്‍ വന്ന ഒരു ലേഖനമാണ് രാംദാസിനെ ഈ ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചത്. ന്യൂസ്‌ പേപ്പര്‍ ബോയിക്ക് പുറമെ നിറമാല, വാടകവീട്ടിലെ അതിഥിഎന്ന രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.