തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരാണസിയിലെത്തെിയ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിപ്രയോഗവും. രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് കെജ്രിവാളിന്‍്റെ വാഹനത്തിനു നേരെ ചീമുട്ടയേറുണ്ടായത്. കെജ്രിവാളിനു നേരെ ഗോ ബാക്ക് മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
വൈകിട്ട് ബെനിയാബാഗ് മൈതാനത്ത് നടക്കുന്ന പാര്‍ട്ടി റാലിക്ക് മുന്നോടിയായുള്ള റോഡ് ഷോക്കിടെയാണ് ഒരു സംഘം കെജ്രിവാളിന്‍്റെ ദേഹത്തേക്ക് മഷി ഒഴിച്ചത്. കെജ്രിവാളിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മനീഷ് സിസോദിയ അടക്കമുള്ള ഏതാനും നേതാക്കളുടെ ദേഹത്താണ് മഷി വീണത്. ഗംഗയില്‍ മുങ്ങി കുളിച്ച ശേഷമാണ് കെജ്രിവാള്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. കെജ്രിവാളിനു നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ വാരണാസി സീറ്റില്‍ മത്സരിക്കുന്ന കാര്യം ബെനിയാബാഗ് മൈതാനത്ത് നടക്കുന്ന പാര്‍ട്ടി റാലിയില്‍ വച്ച് കെജ്‌രിവാള്‍ പ്രഖ്യാപിച്ചേക്കും. മെയ് 12-നാണ് വാരണാസി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഇതുവരെ മോഡിയുടെ എതിരാളിയെ പ്രഖ്യാപിച്ചിട്ടില്ല.