കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതായി ചൈനീസ് ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടെത്തി. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തെക്കന്‍ ഭാഗത്തെ തെരച്ചില്‍ ഇടനാഴിയില്‍ നിന്നാണ് ചിത്രങ്ങള്‍. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 ജെറ്റ് വിമാനം കാണാതായിട്ട് ഇന്ന്‍ രണ്ടാഴ്ച തികഞ്ഞു.
ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് ഹുസ്സൈന്‍ കൂട്ടിച്ചേര്‍ത്തു.
22 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള വസ്തുവാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ആസ്ട്രേലിയന്‍ ഉപഗ്രഹങ്ങള്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് സമീപമാണോ ഇതെന്ന് വ്യക്തമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര തെക്കുപടിഞ്ഞാറു മേഖലയില്‍ നടത്തുന്ന തെരച്ചിലില്‍ സഹായിക്കാന്‍ ചൈനയില്‍ നിന്ന്‍ രണ്ട് സൈനിക വിമാനങ്ങള്‍ ആസ്ത്രേലിയയില്‍ എത്തിയിട്ടുണ്ട്. കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്ന 239 പേരില്‍ മൂന്നില്‍ രണ്ട് പേരും ചൈനാക്കാരാണ്.