Skip to main content
ന്യൂഡല്‍ഹി

nelliyampathy

 

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. വനസംരക്ഷണ നിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നൽകാനാവില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കാരാപ്പാറ എസ്റ്റേറ്റ് കേസിലാണു സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

 

വനസംരക്ഷണ നിയമപ്രകാരം നെല്ലിയാന്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയിൽ പെടുന്നതാണ്. ഈ ഭൂമിയാണ് തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നതെന്നും കാപ്പി-തേയില-ഓറഞ്ച് തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നെല്ലിയാമ്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയില്‍ പെടുന്നതാണെന്നും ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.വനഭൂമിയുടെ പട്ടികയില്‍ വരുന്ന തോട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ അനുമതി വേണം. ഇത്തരം തോട്ടങ്ങള്‍ക്കു കൈവശരേഖ നല്‍കാനാകില്ളെന്നും പാട്ടക്കരാര്‍ പുതുക്കി നല്‍കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

അതേസമയം സർക്കാർ നിലപാടിനെതിരെ ചീഫ്‌ വിപ്പ് പി.സി ജോർജ് രംഗത്തു വന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പച്ചക്കള്ളമാണെന്നും സർക്കാരിന്റെ നിലപാട് കർഷകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം യു.ഡി.എഫിൽ ചര്‍ച്ച ചെയ്തതായി തനിക്ക് അറിയില്ലെന്നും എന്ത് സംഭവിച്ചാലും കർഷകർക്കൊപ്പമാണ് താനെന്നും പി.സി ജോർജ് അറിയിച്ചു.

 

കാരപ്പാറ എസ്റ്റേറ്റിനു കീഴിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം കേരള ഹൈക്കോടതി തള്ളിയിരുന്നു. മൂന്നു വര്‍ഷം മുമ്പ് കാരപ്പാറ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് തോട്ടങ്ങള്‍ വനഭൂമിയല്ലെന്നും അളന്നു തിരിച്ചു കൈവശക്കാര്‍ക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.