Skip to main content
തിരുവനന്തപുരം

ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ പാരിസ്‌ഥിതികാനുമതി വേണ്ടെന്ന ഉത്തരവ്‌ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ള ക്ഷാമത്തെ തുടര്‍ന്നാണ് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സത്യവാങ്‌മൂലം അറിയിക്കും.

 

അഞ്ച് ഹെക്ടറില്‍ താഴെയുള്ള നിലവിലെ ക്വാറികള്‍ക്കും ഖനനത്തിനും പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന 2012-ലെ ഉത്തരവ് കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിരുന്നു. ജനുവരിയില്‍ പുറത്തിറക്കിയ ഈ ഉത്തരവ്‌ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. പരിസ്‌ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്‌തമായി രംഗത്തെത്തിയിരുന്നു.

 

പരിസ്ഥിതി-വ്യവസായ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വിശദീകരണം. കെട്ടിട നിര്‍മ്മാണ സാമഗ്രഹികള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനം. പശ്ചിമഘട്ട മേഖലയിലെ 123 പരിസ്ഥിതിലോല വില്ലേജുകളില്‍ ഈ ഉത്തരവ് പ്രകാരം ക്വാറികള്‍ അനുവദിക്കില്ലെന്ന്‍ കേരളം ഉറപ്പ് നല്‍കും.നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം തുടരാന്‍ മാത്രമാണ് ഉത്തരവെന്ന് ട്രിബ്യൂണലിനെ ബോധിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.