ഉക്രൈനിലെ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള സ്വയംഭരണ പ്രദേശമായ ക്രിമിയയില്‍ റഷ്യയുടെ ഭാഗമാകണോ എന്ന വിഷയത്തില്‍ ഹിതപരിശോധന ഞായറാഴ്ച തുടങ്ങി. ശീതയുദ്ധ കാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തി റഷ്യയേയും പാശ്ചാത്യ രാഷ്ട്രങ്ങളേയും വിരുദ്ധ ചേരിയില്‍ നിര്‍ത്തുന്നതാണ് ഹിതപരിശോധന. കരിങ്കടലിലെ തന്ത്രപ്രധാന തുറമുഖ പ്രദേശമായ ക്രിമിയ ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
പ്രാദേശിക സമയം രാത്രി എട്ടുമണി വരെയാണ് തെരഞ്ഞെടുപ്പ്. രാത്രി തന്നെയോ തിങ്കളാഴ്ചയോ ഫലം അറിയാനാകുമെന്ന്‍ നിരീക്ഷകര്‍ കരുതുന്നു. 20 ലക്ഷം വരുന്ന ക്രിമിയയിലെ ജനസംഖ്യയില്‍ 15 ലക്ഷം പേരാണ് വോട്ടര്‍മാര്‍.
റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായി വീണ്ടും റഷ്യയുമായി ചേരണമോ എന്നതാണ് ഹിതപരിശോധനയിലെ ആദ്യ ചോദ്യം. റഷ്യയും ഉക്രൈനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ 1954-ലാണ് ക്രിമിയയെ റഷ്യയില്‍ നിന്ന്‍ വേര്‍പെടുത്തി ഉക്രൈന്റെ ഭാഗമാക്കിയത്. 1992-ലെ ഭരണഘടന പ്രകാരം ക്രിമിയ ഉക്രൈന്റെ ഭാഗമായി തുടരുന്നത് സംബന്ധിച്ചുള്ളതാണ് അടുത്ത ചോദ്യം. ഈ ഭരണഘടന പ്രകാരം വിദേശനയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ ക്രിമിയയ്ക്ക് കഴിയും.
വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന നിലപാടില്‍ പാശ്ചാത്യ നേതാക്കളും ക്രിമിയന്‍ ജനതയുടെ സ്വയം നിര്‍ണ്ണയ അവകാശം മാനിക്കണമെന്ന നിലപാടില്‍ റഷ്യയും ഉറച്ച് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഉപരോധം അടക്കമുള്ള നടപടികള്‍ റഷ്യയ്ക്കെതിരെ സ്വീകരിക്കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളും യു.എസും ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. എന്നാല്‍, 60 ശതമാനത്തിലധികം റഷ്യന്‍ വംശജര്‍ അധിവസിക്കുന്ന ക്രിമിയയുടെ ഭാവി തീരുമാനിക്കേണ്ടത് ക്രിമിയന്‍ ജനതയാണെന്ന് റഷ്യ ആവര്‍ത്തിക്കുന്നു.
ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ പാര്‍ലിമെന്റ് പുറത്താക്കിയതോടെയാണ് ക്രിമിയയുടെ നിയന്ത്രണം റഷ്യ കയ്യടക്കിയത്. നവ-നാസി വിഭാഗങ്ങളാണ് യാനുകോവിച്ചിനെതിരെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയതെന്ന് റഷ്യ ആരോപിക്കുന്നു.
ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച ഉക്രൈനിലെ ഇടക്കാല സര്‍ക്കാര്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ ക്രിമിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. ക്രിമിയയിലെ ജനസംഖ്യയുടെ 12 ശതമാനം വരുന്ന ആദിവാസി വിഭാഗമായ തതാരുകളുടെ നേതാക്കളും ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

