Skip to main content
ന്യൂയോര്‍ക്ക്

Devyani Khobragadeഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ യു.എസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. വീണ്ടും അറസ്റ്റു വാറണ്ടും പുറപ്പെടുവിപ്പിച്ചു . കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ യു.എസ്‌ ജില്ലാ കോടതി ദേവയാനിക്കെതിരായ വിസ തട്ടിപ്പ് കേസ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. 21പേജുള്ള പുതിയ കുറ്റപത്രത്തില്‍ വിസ തട്ടിപ്പും വ്യാജരേഖ ചമക്കലുമാണ് ചുമത്തിയിട്ടുള്ളത്.

 

 

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ദേവയാനിക്ക് നയതന്ത്രപരിരക്ഷയുണ്ടോ എന്നുമാത്രമേ പരിശോധിച്ചിരുന്നുള്ളുവെന്നും എന്നാല്‍ ഔദ്യോഗികമായ കര്‍ത്തവ്യത്തിന്റെ ഭാഗമായിട്ടല്ല കുറ്റം ചെയ്തിരിക്കുന്നതെങ്കില്‍ കേസ് നിലനില്‍ക്കുമെന്നു കോടതി പറഞ്ഞിരുന്നുവെന്നും വീണ്ടും ദേവയാനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ പ്രീത്‌ ഭരാര അറിയിച്ചു. 15 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ദേവയാനിക്കെതിരെ ചുമത്തിയിരിക്കുന്നത് ഇപ്പോള്‍ ഇന്ത്യയിലുള്ള ദേവയാനിയെ അറസ്‌റ്റു ചെയ്യാനാവില്ലെങ്കിലും ദേവയാനിക്ക്‌ യു.എസിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ വാറണ്ട്‌ തടസ്സമാകും.

 

 

വിസാ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും വീട്ടുജോലിക്കാരിയെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ആരോപിച്ചാണ്‌ കഴിഞ്ഞ ഡിസംബറില്‍ ദേവയാനിയെ അറസ്‌റ്റു ചെയ്‌തത്‌. മൂന്നു മാസത്തോളം നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ അറസ്‌റ്റിലാകുമ്പോള്‍ ദേവയാനിക്ക്‌ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുണ്ടെന്ന്‌ കണ്ടെത്തിയ യു.എസ്‌ കോടതി കുറ്റവിമുക്‌തയാക്കുകയായിരുന്നു. കേസിലെ വിധി വന്നതോടെ ഇന്ത്യ-യു.എസ്‌ ബന്ധത്തിന്‌ ഉലച്ചിലുണ്ടാക്കിയ പ്രശ്‌നത്തിന്‌ അന്ത്യമായി എന്നാണ് പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ പുതിയ കുറ്റപത്രം പ്രശ്‌നത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്‌.