Skip to main content
ബെയ്‌ജിംഗ്‌

239 പേരുമായി ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനം വിയറ്റ്‌നാം തീരത്ത്‌ സൗത്ത്‌ ചൈനാ കടലില്‍ വീണെന്നായിരുന്നു നിഗമനം. എന്നാല്‍ മലേഷ്യ, ചൈന, വിയറ്റ്‌നാം, യു.എസ്‌, ഫിലിപ്പീന്‍സ്‌ രാജ്യങ്ങള്‍ സംയക്‌തമായി കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ട്‌ 24 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്തിന്റെ അവശിഷ്‌ടങ്ങളൊന്നും കണ്ടെത്താനായില്ല.

 

വിമാനത്തിലെ നാലു യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട്. മോഷ്‌ടിച്ച ഓസ്‌ട്രേലിയന്‍-ഇറ്റാലിയന്‍ പാസ്‌പോട്ടുകള്‍ ഉപയോഗിച്ചാണ്‌ ഇതില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്നത്‌. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അട്ടിമറിയുടെയോ തീവ്രവാദി അക്രമത്തിന്റെയോ സൂചനകളൊന്നുമില്ലെങ്കിലും ഇതിനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്‌. യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോട്ടുള്ള രണ്ടുപേരും സംശയത്തിന്റെ നിഴലിലാണ്‌.

 

ശനിയാഴ്‌ച അര്‍ദ്ധരാത്രിയ്‌ക്ക് ശേഷം ക്വാലാലംപൂരില്‍ നിന്ന്‌ പുറപ്പെട്ട വിമാനം ഒരുമണിക്കൂറിനു ശേഷം റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നു. ഇതോടെ വിമാനവുമായുള്ള സാങ്കേതിക ബന്ധം പൂര്‍ണമായും നഷ്‌ടമായി. പിന്നീടിതുവരെ വിമാനത്തെ കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ല.

 

അഞ്ച്‌ ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമാണ്‌ വിമാനത്തിലുള്ളത്‌. രണ്ട്‌ കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ചൈനക്കാരാണ്‌. മലേഷ്യ, ഓസ്‌ട്രേലിയ, ഇന്തൊനേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വിമാനത്തിലുണ്ട്‌.