ന്യൂഡല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലര്‍ക്കെതിരെയുള്ള കേസ് പുനരന്വേഷിക്കാന് സി.ബി.ഐയോട് കോടതി. മൂന്നു പേരുടെ വധത്തില്‍ കലാശിച്ച ഗുരുദ്വാര ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നതാണ് ടൈറ്റ്ലര്‍ക്കെതിരെയുള്ള കേസ്. 1984 നവംബര്‍ ഒന്നിനായിരുന്നു സംഭവം.
കേസില്‍ ടൈറ്റ്ലറെ 2007ലും 2009ലും സി.ബി.ഐ. കുറ്റവിമുക്തനാക്കിയിരുന്നു. തെളിവിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു സി.ബി.ഐ.യുടെ നടപടി. ഇതിനെതിരെ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഭാര്യ ലഖ്വിന്ദര്‍ കൌര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. യു.എസ്സിലേക്ക് താമസം മാറ്റിയ രണ്ടു പ്രധാന ദൃക്സാക്ഷികളുടെ മൊഴി സി.ബി.ഐ. എടുത്തിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ രണ്ട് സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും അരങ്ങേറിയ കൂട്ടക്കൊലകളില്‍ 3000 ത്തോളം സിഖുകാര്‍ കൊലചെയ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ സജ്ജന്‍ കുമാര്‍, അന്തരിച്ച എച്ച്.കെ.എല്‍. ഭഗത് എന്നിവരും ടൈറ്റ്ലറോടൊപ്പം വിവിധ കേസുകളില്‍ പ്രതികളായിരുന്നു.