Skip to main content
ഹൈദരാബാദ്

kiran kumar reddyസംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന് ബുധനാഴ്ച അദ്ദേഹം രാജിക്കത്ത് നല്‍കി. എം.എല്‍.എ സ്ഥാനവും രാജിവെക്കുന്നതായി അറിയിച്ച റെഡ്ഡി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവികളും ഒഴിയും.

 

തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്‍ ചൊവാഴ്ച ലോകസഭ പാസാക്കിയിരുന്നു. ബില്‍ ഇന്ന്‍ രാജ്യസഭ പരിഗണിക്കും.

 

ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് സംസ്ഥാന വിഭജനമെന്ന് വാര്‍ത്താസമ്മേളനത്തില്‍ റെഡ്ഡി പറഞ്ഞു. ആന്ധ്രയിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും വിദ്യാഭ്യാസ അവസരങ്ങളും ഇതിലൂടെ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നടപടി കര്‍ഷകരുടേയും വിദ്യാര്‍ഥികളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാവിയെ ഇരുളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി.

 

ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് സീമാന്ധ്ര പ്രദേശത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന്‍ ബന്ദ്‌ ആചരിക്കുകയാണ്. കനത്ത സുരക്ഷാ സന്നാഹമാണ് തീരദേശത്തും രായലസീമയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.