ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി. ഈ മാസം 11-നോ 12-നോ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഹൈദരാബാദിന് കേന്ദ്രഭരണ പ്രദേശ പദവി എന്ന സീമാന്ധ്രയില്‍ നിന്നുള്ളവരുടെ പ്രധാന ആവശ്യം മന്ത്രിസഭ നിരാകരിച്ചു. പത്തു വർഷത്തേക്ക് ആന്ധ്രയുടെയും തെലുങ്കാനയുടെയും പൊതുതലസ്ഥാനമായി ഹൈദരാബാദ് തുടരും. തുടര്‍ന്ന്, ഹൈദരാബാദ് തെലുങ്കാനയുടെ ഭാഗമാകും.
അതേസമയം, സീമാന്ധ്രയിലെ പിന്നാക്ക പ്രദേശങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, കഴിഞ്ഞ മൂന്നു ദിവസവും ഈ വിഷയത്തില്‍ പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്ന സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളെ ഇത് തൃപ്തിപ്പെടുത്താന്‍ സാധ്യത കുറവാണ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയടക്കമുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്ന കിരണ്‍ കുമാര്‍ റെഡ്ഡി രാജിഭീഷണി മുഴക്കിയിട്ടുണ്ട്. നേരത്തെ, ആന്ധ്രാപ്രദേശ് നിയമസഭ ബില്‍ തള്ളിയിരുന്നു. ആന്ധ്ര നിയമസഭയിലെ നടപടിക്രമങ്ങള്‍ അടക്കമാണ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുക.
